1 ഇസ്രായേല്‍ ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍:2 ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും.
പ്രവാചകദൗത്യം
3 ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ?4 ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്ന് അലറുമോ?5 കെണിയൊരുക്കാതെ പക്ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ?6 പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവ് അയയ്ക്കാതെ പട്ടണത്തില്‍ അനര്‍ഥം ഉണ്ടാകുമോ?7 ദൈവമായ കര്‍ത്താവ് തന്‍റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.8 സിംഹം ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?
സമരിയായുടെ നാശം
9 അസ്സീറിയായിലെയും ഈജിപ്തിലെയും ശക്തിദുര്‍ഗങ്ങളില്‍ പ്രഖ്യാപിക്കുക: സമരിയായിലെ മലകളില്‍ ഒരുമിച്ചുകൂടുവിന്‍. അവളിലെ കലഹങ്ങളും മര്‍ദനങ്ങളും കാണുവിന്‍.10 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയും കൊണ്ട് തങ്ങളുടെകോട്ടകള്‍ നിറയ്ക്കുന്നവര്‍ക്കു നീതി പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല.11 അതിനാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളുടെ ദേശം വളയും. നിങ്ങളുടെ പ്രതിരോധങ്ങള്‍ തകര്‍ത്ത് കോട്ടകള്‍ കൊള്ളയടിക്കും.12 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്‍റെ വായില്‍ നിന്ന് ഇടയന്‍ ആടിന്‍റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്‍റെ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്ഷപെടും.13 ദൈവമായ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട് യാക്കോബിന്‍റെ ഭവനത്തിനെതിരേ സാക്ഷ്യപ്പെടുത്തുവിന്‍.14 ഇസ്രായേലിനെ അവന്‍റെ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്ഷിക്കുമ്പോള്‍ ബഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ത്തു കളയും. ബലിപീഠങ്ങളുടെ വളര്‍കോണ്‍ ഞാന്‍ ഛേദിക്കും. അവനിലംപതിക്കും.15 അവന്‍റെ ഹേമന്തവസതികളും ഗ്രീഷ്മഭവനങ്ങളും ഞാന്‍ നശിപ്പിക്കും; ദന്തനിര്‍മിതമായ ഭവനങ്ങള്‍ തകര്‍ന്നുപോകും; മഹാസൗധങ്ങള്‍ നാമാവശേഷമാകും കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
Copyright 2008. P.O.C.Designed and Maintained by Jesus Youth