Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.
യാക്കോബ് 4:7
 
     
 

ആമുഖം

 
 
ദൈവനിവേശിത ഗ്രന്ഥം പ്രാമാണിക ഗ്രന്ഥങ്ങൾ പാരമ്പര്യങ്ങൾ - രചനാരൂപങ്ങൾ
പഴയ നിയമഗ്രന്ഥങ്ങൾ ചരിത്രപരം പ്രവചനപരമായ ഗ്രന്ഥങ്ങൾ
പ്രബോധനപരം ജീവദായകമായ വചനം    
 
 
 
 
ആമുഖം
 
     
 

മാനവജീവിതത്തെയും ചരിത്രത്തെയും ബൈബിൾപോലെ സ്വാധീനിച്ച കൃതികൾ വേറെയില്ല. ദൈവത്തിന്റെ അക്ഷയമായ കാരുണ്യത്തിന്റെയും അചഞ്ചലമായ വിശ്വസ്തതയുടെയും അത്യുദാരമായ സ്നേഹത്തിന്റെയും കരങ്ങളിൽ സംവഹിക്കപ്പെട്ട മനുഷ്യന്റെ നിത്യദീപ്തമായ ചിത്രം ബൈബിളിൽ അനാവരണം ചെയ്യുന്നു. മനുഷ്യചരിത്രം ഏകലക്ഷേ്യാൻമുഖമായി വികാസം പ്രാപിക്കുന്നത് ബൈബിളിൽ കാണാം. ദൈവഹിതത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നതിലൂടെ മനുഷ്യൻ നേടുന്ന സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും നിറഞ്ഞ സൗന്ദര്യമാണ് ഇവിടെ വെളിപ്പെടുന്നത്.

അനന്തമായ കാരുണ്യത്താൽ ദൈവം സൃഷ്ടി നടത്തി. ആദിയിൽ അവിടുന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ചു. സ്വന്തം രൂപത്തിൽ മനുഷ്യനു ജൻമം നൽകി. എന്നാൽ, സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ദൈവത്തെപ്പോലെ ആകാമെന്ന പ്രലോഭനത്തിനു വഴങ്ങി അവിടുത്തെ ഹിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചു. അതോടെ ലോകത്തിൽ തിൻമ കടന്നുകൂടി. പാപത്തിൽ കുടുങ്ങിയ മനുഷ്യനെ രക്ഷിക്കാൻ കരുണാമയനായ ദൈവം നിശ്ചയിച്ചു. അതിനുവേണ്ടിയാണ് അവിടുന്ന് അബ്രാഹത്തെ തിരഞ്ഞെടുത്തത്. അവന്റെ സന്തതിയിലൂടെ സകല ജനതകളെയും തന്നിലേക്ക് അടുപ്പിക്കുകയെന്നതായിരുന്നു അവിടുത്തെ പദ്ധതി(ഉത്പ 22,18). ദൈവപുത്രനും അബ്രാഹത്തിന്റെ സന്തതിയുമായ യേശുവിലൂടെയാണ് ഈ പദ്ധതി പൂർത്തിയാകുന്നത്. യേശുവിൽ ഫലണിയുന്ന രക്ഷയുടെ ചരിത്രമാണ് ബൈബിളിന്റെ ഇതിവൃത്തം.

ബൈബിളിനു രണ്ടു ഭാഗങ്ങളുണ്ട് - പഴയ നിയമവും പുതിയ നിയമവും. അബ്രാഹത്തിൽ നിന്നു ജൻമംകൊണ്ട ഇസ്രയേൽജനത്തിന്റെ ചരിത്രമാണ് പഴയനിയമം. യേശുവിന്റെ ജീവിതവും മരണവും മഹത്വീകരണവും അടങ്ങുന്ന "ക്രിസ്തുസംഭവ"വും യേശുവിൽ നിന്ന് ആരംഭിക്കുന്ന പുതിയ ഇസ്രയേലായ സഭയുടെ ചരിത്രവും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു. രക്ഷചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ ക്രിസ്തുവിലൂടെ മാനവസമൂഹത്തിന്റെ സമ്പൂർണവിമോചനം സാധിതമായി.

 
     
 
ദൈവനിവേശിത ഗ്രന്ഥം
 
     
 
ദൈവാത്മാവിന്റെ പ്രചോദനത്താലും നിരന്തരസഹായത്താലും രചിക്കപ്പെട്ടതായതുകൊണ്ട് ബൈബിൾ ദൈവനിവേശിതമാണ്. ബൈബിൾ ദൈവവചനമാണ് - മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവം നൽകുന്ന സന്ദേശം. ഇതു തെറ്റുകൂടാതെയും പൂർണമായും എഴുതാൻ ദൈവം ചില വ്യക്തികളെ തെരഞ്ഞെടുത്ത് അവർക്കു പ്രചോദനവും പ്രകാശവും നൽകി. എന്നാൽ, വെറും യാന്ത്രികമായ ഉപകരണങ്ങളല്ല അവർ. മറ്റേതു ഗ്രന്ഥകർത്താവിനെയുംപോലെ ഇവരും സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനത്തിനു വിധേയരായിരുന്നു. തങ്ങളുടെ സാംസ്കാരികവും സാമൂഹ്യവും സാഹിത്യപരവുമായ സവിശേഷതകൾ പരിരക്ഷിച്ചുകൊണ്ട് അവയിലൂടെ ദൈവത്തിന്റെ സന്ദേശം തെറ്റുകൂടാതെ രേഖപ്പെടുത്തുന്നതിന് അവർക്കു വരം ലഭിച്ചു. അങ്ങനെ ദൈവവചനം മനുഷ്യന്റെ വാക്കുകളിൽ ലിഖിതമായി.

ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണ്. ശാസ്ത്രം പ്രദാനംചെയ്യുന്ന പുതിയ പുതിയ അറിവുകളുടെ വെളിച്ചത്തിൽ ബൈബിളിൽ ചില പരാമർശങ്ങളുടെയും വിവരങ്ങളുടെയും പ്രസക്തിയെപ്പറ്റി സംശയം ജനിച്ചേക്കാം. ഭൗതികചരിത്രവും നിരീക്ഷണപരീക്ഷണങ്ങൾക്കു വിധേയമായ ശാസ്ത്രസത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്റെ ലക്ഷ്യം. അതതു കാലങ്ങളിൽ നിലവിലിരുന്ന പ്രപഞ്ചസങ്കല്പങ്ങളുടെയും രചനാരൂപങ്ങളുടെയും  സഹായത്തോടെ  രക്ഷാചരിത്രം അവതരിപ്പിക്കുകയും രക്ഷാമാർഗം നിർദേശിക്കുകയും മാത്രമാണ് ബൈബിൾ ചെയ്യുന്നത്.
 
     
 
പ്രാമാണിക ഗ്രന്ഥങ്ങൾ
 
     
  ദൈവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച് വിശ്വാസികളുടെ സമൂഹത്തിനു നേതൃത്വം നൽകുന്നവർ പ്രാമാണികമായി അംഗീകരിക്കുന്ന ഗ്രന്ഥത്തെ "കാനോനിക' ഗ്രന്ഥമെന്നു വിളിക്കുന്നു. ക്രി.വ.80-100-ൽ നടന്ന യാമ്നിയസമ്മേളനത്തിൽവച്ചാണ് യഹൂദനേതാക്കന്മാർ അവരുടെ കാനോനികഗ്രന്ഥങ്ങൾ നിർണയിച്ചത്. ഹെബ്രായഭാഷയിലുണ്ടായിരുന്ന ബൈബിൾ ഗ്രന്ഥങ്ങൾ മാത്രമേ പ്രാമാണികമായി അവർ സ്വീകരിച്ചുള്ളൂ. ഗ്രീക്ക് - അരമായഭാഷകളിലുള്ളതും പല യഹൂദസമൂഹങ്ങളും ബൈബിളിന്റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റു ഗ്രന്ഥങ്ങൾ അവർ അപ്രാണികമായി തള്ളി. കത്തോലിക്കർ ഒഴികെയുള്ള ക്രൈസ്തവസമൂഹങ്ങൾ യഹൂദനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങൾക്കു പുറമേ "ഉത്തര കാനോനികഗ്രന്ഥങ്ങൾ' (Deutero Canonical) എന്ന് അറിയപ്പെടുന്ന തോബിത്, യൂദിത്ത്, ജ്ഞാനം, പ്രഭാഷകർ, ബാറൂക്ക്, 1,2 മക്കബായർ, ദാനിയേലിന്റെ ചില ഭാഗങ്ങൾ (3, 24-90; 13-14), എസ്തേർ(11-16) എന്നിവകൂടി പ്രാമാണികമായി ത്രെന്തോസ് സൂനഹദോസ് തീർപ്പുകൽപ്പിച്ചു (De Canonicis Scripturis, 1546). അങ്ങനെ പഴയ നിയമത്തിൽ നാൽപ്പത്തിയഞ്ചും പുതിയനിയമത്തിൽ ഇരുപത്തിയേഴും ഗ്രന്ഥങ്ങൾ കാനോനികമായി കത്തോലിക്കാസഭ അംഗീകരിച്ചു. ജെറെമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങൾ പിൽക്കാലത്ത് ഒരു വ്യത്യസ്തഗ്രന്ഥമായി എണ്ണപ്പെട്ടു. അങ്ങനെ ബൈബിളിൽ മൊത്തെ എഴുപത്തിമൂന്നു ഗ്രന്ഥങ്ങൾ ഉണ്ട്.
 
     
 
പാരമ്പര്യങ്ങൾ - രചനാരൂപങ്ങൾ
 
 
 
  ബൃഹത്തായ ഈ ഗ്രന്ഥസമാഹാരം ആയിരത്തിലേറെ വർഷംകൊണ്ടാണ് (ക്രി. മു.1200-ക്രി.വ.100) വിരചിതമായത്. ഇവയിൽ ഏറിയപങ്കും ആദ്യം വാചികപാരമ്പര്യങ്ങളായി സമൂഹത്തിൽ പരിരക്ഷിക്കപ്പെട്ടുപോന്നു. ഈ പാരമ്പര്യങ്ങൾ കൂട്ടിയിണക്കിയാണ് പിന്നീട് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്. ഉദാഹരണത്തിന് പഞ്ചഗ്രന്ഥിയിൽ യാഹ്വിസ്റ്റ് (J) എലോഹിസ്റ്റ് (E) പ്രീസ്റ്റ്ലി (P) ഡെവുട്രോണമിസ്റ്റ് (D) എന്നിങ്ങനെ പ്രധാനമായും നാലു പാരമ്പര്യങ്ങളുടെ സമന്വയം നടന്നതായി സൂചനകളുണ്ട്. ഒരേ സംഭവത്തെക്കുറിച്ച് വ്യത്യസ്ത വിവരങ്ങൾ കാണുന്നത് വിവിധ പാരമ്പര്യങ്ങൾ മൂലമാണ്. വിവിധ കാലഘട്ടങ്ങളിൽ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളിൽ പല രചനാരൂപങ്ങൾ ദൃശ്യമാണ് - വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള ചരിത്രാഖ്യാനം, ഇതിഹാസരൂപമായ വിവരണങ്ങൾ, കഥകൾ, ഉപമകൾ, ഗീതങ്ങൾ, പഴഞ്ചൊല്ലുകൾ, പ്രാർത്ഥനകൾ തുടങ്ങിയവ. ഗ്രന്ഥകാരന്റെ ഉദ്ദേശ്യവും അതിലൂടെ ബൈബിളിന്റെ സന്ദേശവും ഗ്രഹിക്കുന്നതിന് വൈവിധ്യമാർന്ന ഈ രചനാരൂപങ്ങൾ വേർതിരിച്ചറിയുക ആവശ്യമാണ്. മാനുഷികമാധ്യമങ്ങളിലൂടെയാണ് ദൈവവചനം നൽകപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ അപര്യാപ്തത ദൈവവചനത്തിന്റെ അവ്യക്തതായി കരുതരുത്. ദൈവാവിഷ്കരണത്തിന്റെ ചരിത്രത്തിലും വളർച്ച ദൃശ്യമാണ്.  
     
 
പഴയ നിയമഗ്രന്ഥങ്ങൾ
 
     
  യഹൂദ പാരമ്പര്യമനുസരിച്ച് പഴയനിയമഗ്രന്ഥങ്ങളെ നിയമം (തോറ) പ്രവാചകന്മാർ (നബിയിം) ലിഖിതങ്ങൾ (ക്ത്തൂബിം) എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്. ഉത്പത്തിമുതൽ നിയമാവർത്തനംവരെയുള്ള അഞ്ചു ഗ്രന്ഥങ്ങളാണ് നിയമം. ജോഷ്വാ, ന്യായാധിപൻമാർ, സാമുവലിന്റെയും രാജാക്കന്മാരുടെയും പുസ്തകങ്ങൾ എന്നിവ മുൻകാലപ്രവാചകന്മാർ എന്നപേരിലും പ്രവാചകവിഭാഗത്തിൽപ്പെടുന്നു. ഹെബ്രായകാനൻ അനുസരിച്ച് ശേഷിക്കുന്ന പതിനൊന്നു ഗ്രന്ഥങ്ങളാണ് "ലിഖിതങ്ങൾ' എന്ന പേരിലറിയപ്പെടുന്നത്. ഇതിലുൾപ്പെടാത്ത കാനോനികഗ്രന്ഥങ്ങൾകൂടി കണക്കിലെടുത്ത് ക്രൈസ്തവർ പഴയനിയമഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നു പൊതുവേ മൂന്നായി തിരിക്കുന്നു. ഗ്രന്ഥങ്ങളുടെ പൊതുവായ സ്വഭാവവും പഠനത്തിനുള്ള സൗകര്യവും കണക്കിലെടുത്തുള്ള ഒരു വിഭജനം മാത്രമാണിത്. ചരിത്രവും പ്രവചനവും പ്രബോധനവും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും, മിക്ക ഗ്രന്ഥങ്ങളിലും ദൃശ്യമാണെന്നു പറഞ്ഞുകൊള്ളട്ടെ.  
     
 
ചരിത്രപരം
 
     
  പഞ്ചഗ്രന്ഥിയെന്നറിയപ്പെടുന്ന ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയും ജോഷ്വ, ന്യായാധിപൻ, റൂത്ത്, 1,2 സാമുവൽ, 1,2 രാജാക്കന്മാർ, 1,2 ദിനവൃത്താന്തങ്ങൾ, എസ്രാ, നെഹെമിയ, തോബിത്, യൂദിത്ത്, എസ്തേർ, 1,2 മക്കബായർ എന്നിവയുമാണ് ചരിത്രപരമായ ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്. പഞ്ചഗ്രന്ഥിക്ക് അതിൽത്തന്നെ ഒരു പൂർണതയുണ്ട്. ഉത്പത്തിയുടെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങൾ ബൈബിളിലെ രക്ഷാകരചരിത്രത്തിന് ഒരു ആമുഖമായി കണക്കാക്കാവുന്നതാണ്. ലോകസൃഷ്ടി, മനുഷ്യന്റെ ഉദ്ഭവം, രക്ഷാകരപദ്ധതി ആവശ്യകമാക്കിത്തീർത്ത തിൻമയുടെ ആവിർഭാവം തുടങ്ങിയവയുടെ വിവരണമടങ്ങുന്ന പഞ്ചഗ്രന്ഥി ചരിത്രപൂർവഘട്ടത്തെ പ്രതിപാദിക്കുന്നു. രക്ഷാകരപദ്ധതിയുടെ വ്യക്തമായ ആരംഭംകുറിക്കുന്ന അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പുമുതൽ ഇസ്രായേൽമക്കൾ ഈജിപ്തിലെത്തുന്നതുവരെയുള്ള പൂർവപിതാക്കന്മാരുടെ ചരിത്രമാണ് പന്ത്രണ്ടുമുതൽ അമ്പതുവരെയുള്ള അധ്യായങ്ങളിൽ പ്രതിപാദിക്കുന്നത്. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്ന് അത്ഭുതാവഹമായി മോചിപ്പിച്ച് അബ്രാഹത്തോടു വാഗ്ദാനംചെയ്തിരുന്ന ദേശത്തിന്റെ കവാടത്തിലെത്തിക്കുന്നതുവരെയുള്ള സംഭവപരമ്പരകളാണ് മറ്റു നാലു ഗ്രന്ഥങ്ങളിൽ കാണുന്നത്. ജോഷ്വായുടെ നേതൃത്വത്തിൽ വാഗ്ദത്തഭൂമിയിൽ പ്രവേശിച്ചതുമുതൽ ഇസ്രയേൽജനം ബാബിലോൺ പ്രവാസത്തിലാകുന്നതുവരെയുള്ള ചരിത്രത്തിന്റെ ആഖ്യാനമാണ് ജോഷ്വമുതൽ ദിനവൃത്താന്തങ്ങൾവരെയുള്ള ഗ്രന്ഥങ്ങൾ. പ്രവാസത്തിൽ നിന്നു തിരിച്ചുവന്നതുമുതൽ മക്കബായവിപ്ലവംവരെയുള്ള വൃത്താന്തങ്ങളാണ്  ശേഷിക്കുന്ന  ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്.

ചരിത്രപരമായ ഗ്രന്ഥങ്ങളിലെ "ചരിത്ര"ത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ്. സംഭവങ്ങളുടെ കാലാനുഗതവും യഥാതഥവുമായ വിവരണമെന്നതിനെക്കാൾ ഇസ്രായേലിന്റെ ദൈവാനുഭവത്തിന്റെയും രക്ഷാകര പദ്ധതിയെക്കുറിച്ചുള്ള വീക്ഷണത്തിന്റെയും വെളിച്ചത്തിലുള്ള ചരിത്രാപഗ്രഥനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ദൈവം ഇസ്രയേലിനെ തിരഞ്ഞെടുത്ത് അവരുമായി ഉടമ്പടിചെയ്ത് അവരെ തന്റെ സ്വന്തം ജനമാക്കി. അവർ അവിടുത്തെ പരിത്യജിച്ച് അന്യദേവൻമാരുടെ പിറകെപോയി തിൻമയിൽ മുഴുകി. ശിക്ഷയായി അവിടുന്ന് അവരെ ശത്രുകരങ്ങളിലേൽപിച്ചു. അവർ അനുതപിച്ചപ്പോൾ അവിടുന്ന് അവരെ രക്ഷിച്ച് പൂർവസ്ഥിതിയിലാക്കി. അവിശ്വസ്തത - ശിക്ഷ - രക്ഷ - ഈ ക്രമത്തിലാണ് ഇസ്രായേലിന്റെ ചരിത്രം മുഴുവൻ വിഭാവനം ചെയ്തിരിക്കുന്നത്. മറ്റു ജനതകളുടെ സാമീപ്യം, വിഗ്രഹാരാധനയും മറ്റു ദുരാചാരങ്ങളും വിളിച്ചുവരുത്തി ജനത്തെ സത്യദൈവത്തിൽനിന്നു വ്യതിചലിപ്പിക്കും. രക്ഷ തങ്ങളുടെ സ്വന്തമെന്ന ഇസ്രായേലിന്റെ അവകാശവാദവും മറ്റു ജനതകളോടുള്ള ശത്രുതാമനോഭാവവും ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ചുരുക്കത്തിൽ ചരിത്രം രക്ഷാചരിത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
 
     
 
പ്രവചനപരമായ ഗ്രന്ഥങ്ങൾ
 
     
 

ഏശയ്യാ, ജെറെമിയ, എസെക്കിയേൽ, ദാനിയേൽ എന്നീ വലിയ പ്രവാചകൻമാരും പന്ത്രണ്ടു ചെറിയ പ്രവാചകൻമാരും, വിലാപങ്ങൾ, ബാറൂക്ക് എന്നിവയും ആണ് പ്രവചനപരമായ ഗ്രന്ഥങ്ങൾ. എട്ടാം നൂറ്റാണ്ടിന്റെ  ഉത്തരാർധംമുതൽ  അഞ്ചാംനൂറ്റാണ്ടിന്റെ പൂർവാർധംവരെയാണ് പ്രവാചകന്മാരുടെ കാലമായി പൊതുവേ പരിഗണിക്കപ്പെടുന്നത്. ആമോസും ഹോസിയായും ഉത്തരരാജ്യമായ ഇസ്രായേലിൽ പ്രസംഗിച്ചു. മറ്റുള്ളവരെല്ലാം യൂദായിലാണ് പ്രവർത്തിച്ചിരുന്നത്. സ്വന്തംപേരിൽ പുസ്തകങ്ങളില്ലാത്ത ധാരാളം പ്രവാചകൻമാരും ഇസ്രായേലിൽ ഉണ്ടായിരുന്നു. പ്രവാചകൻമാർ പൊതുവേ എഴുത്തുകാരായിരുന്നില്ല. പല അവസരങ്ങളിലായി അവർ പ്രഘോഷിച്ച വസ്തുതകൾ ശിഷ്യൻമാരാണ് ശേഖരിച്ച് ഗ്രന്ഥരൂപത്തിലാക്കിയത്. പ്രവാചകൻമാരെ വലിയവരെന്നും ചെറിയവരെന്നും തിരിച്ചിരിക്കുന്നത് അവരുടെ പേരിലുള്ള ഗ്രന്ഥങ്ങളുടെ വലിപ്പച്ചെറുപ്പത്തെ ആസ്പദമാക്കി മാത്രമാണ്.

രാജാക്കൻമാരുടെ കാലത്ത് ഇസ്രായേലിന് ബാഹ്യശത്രുക്കളിൽനിന്നുള്ള ഭീഷണികൾക്ക് അറുതിയുണ്ടായി; രാജ്യത്ത് സമ്പദ്സമൃദ്ധിയുമുണ്ടായി; കേന്ദ്രീകൃതമായ ആരാധനയും സംസ്ഥാപിതമായി. എന്നാൽ ഇത് ദൈവത്തോടുള്ള വിശ്വസ്തത വളർത്തുന്നതിനുപകരം അതിനെ കെടുത്തുകയാണ് ചെയ്തത്. രാജാവും രാജാവിന്റെ തണലിൽ വളർന്നുവന്ന ഒരു സമ്പന്നവിഭാഗവും മറ്റ് ഇസ്രായേൽ സഹോദരങ്ങളെ ചൂഷണം ചെയ്യാൻ തുടങ്ങി. അന്യജനതകളുടെ ദേവൻമാരും ആചാരങ്ങളും സാവധാനം ഇസ്രായേൽക്കാരെയും സ്വാധീനിച്ചു. അവർ വിഗ്രഹാരാധനയിലും അധാർമികതയിലും മുഴുകി. ഇസ്രായേലിലെ ആരാധനാവിധികളും കാപട്യത്തിന്റെയും ചൂഷണത്തിന്റെയും മാധ്യമങ്ങളായി മാറി. ഇങ്ങനെ കർത്താവിനെ മറന്നു പ്രവർത്തിക്കാൻ മുതിർന്നവരെ അവിടുത്തെ സന്ദേശം അറിയിക്കാനും തിരിച്ചുകൊണ്ടുവരാനും നിയുക്തരായവരാണ് പ്രവാചകൻമാർ. ഇസ്രായേലിലെ ഭൗതികനേതൃത്വത്തിനു സമാന്തരമായ ഒരു ആധ്യാത്മിക നേതൃത്വമാണ് പ്രവാചകൻമാർ നൽകിയിരുന്നത്.

കർത്താവിന്റെ വക്താക്കളാണ് പ്രവാചകൻമാർ. അവിടുത്തെ ദൃഷ്ടിയിലൂടെ ചരിത്രത്തെ വീക്ഷിച്ച അവർ ജനത്തെ സമഗ്രമായ പരിവർത്തനത്തിന് ആഹ്വാനം ചെയ്തു. സമൂഹത്തിൽ നടമാടിയ വിഗ്രഹാരാധനയും കപടഭക്തിയും അനീതിയും അവരുടെ നിശിത വിമർശനത്തിനിരയായി. പശ്ചാത്തപച്ചില്ലെങ്കിൽ ശിക്ഷയുണ്ടാകുമെന്നു ദൈവം ശക്തമായ താക്കീതു നൽകി. പശ്ചാത്താപത്തിലേക്കു നയിക്കാനായി ശിക്ഷിക്കുന്ന ദൈവം മാനവകുലത്തിന്റെ രക്ഷകനുമാണ്. അവിടുന്ന് നൽകാമ്പോകുന്ന രക്ഷയെക്കുറിച്ചും അയയ്ക്കാമ്പോകുന്ന രക്ഷകനെക്കുറിച്ചുമുള്ള വാഗ്ദാനങ്ങൾ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും കാണാം. ഇസ്രായേലിന്റെ ഈശ്വരാവബോധത്തെ സ്ഫുടം ചെയ്തത് പ്രവാചകൻമാരാണ്. നീതിമാനും കാരുണ്യമൂർത്തിയുമായ കർത്താവിന്റെ യഥാർഥചിത്രം വരച്ചുകാട്ടി ദൈവഹിതത്തിനനുസൃതമായ ജീവിതം നയിക്കാൻ ജനത്തെ ആഹ്വാനം ചെയ്യുകയായിരുന്നു പ്രവാചകൻമാർ.

നിശ്ചിതാർത്ഥത്തിൽ പ്രവചനഗ്രന്ഥങ്ങളല്ലെങ്കിലും വിലാപങ്ങളും ബാറൂക്കും പ്രവചനപരമായാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. വിലാപങ്ങൾ ജറെമിയായുടെ ഭാഗമായി ആദ്യം കരുതിപ്പോന്നു. ജറെമിയ പ്രവചിച്ചിരുന്നതുപോലെ രാജ്യവും വിശുദ്ധ നഗരവും നിലംപതിച്ചു. നഗരത്തിന്റെയും ദേവാലയത്തിന്റെയും നഷ്ടശിഷ്ടങ്ങളും ജനത്തിന്റെ ദുഃസ്ഥിതിയും കണ്ട് ഹൃദയംനൊന്ത് ഉദ്ഗമിച്ച വിലാപങ്ങളാണ് അവ. ഇന്ന് അതിനെ ഒരു വ്യത്യസ്തഗ്രന്ഥമായി കണക്കാക്കുന്നു. ബാറൂക്ക് ജറെമിയായുടെ ശിഷ്യനായിരുന്നു. പ്രവാസികളുടെ ഒരു ഏറ്റുപറച്ചിൽ, വിജ്ഞാനത്തെക്കുറിച്ച് ഒരു സ്തുതിഗീതം, ജറുസലെമിനെ ആശ്വസിപ്പിച്ചുകൊണ്ടുളള ഗീതങ്ങൾ, വിഗ്രഹാരാധനയുടെ മൗഢ്യം തുറന്നുകാട്ടിക്കൊണ്ടുള്ള ജറെമിയായുടെ ഒരു കത്ത് എന്നിവയുടെ ഒരു സമാഹാരമാണ് ബാറൂക്ക്.

 
     
 
പ്രബോധനപരം
 
     
  ജോബ്, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാപ്രസംഗകൻ, ഉത്തമഗീതം, ജ്ഞാനം, പ്രഭാഷകൻ എന്നീ ഗ്രന്ഥങ്ങളാണ് പ്രബോധനപരം എന്നു കണക്കാക്കുന്നത്. . ഇവയെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുടെ ചുരുളഴിവ്, അവയ്ക്ക് ഉത്തരം കാണാനുള്ള തീവ്രയത്നം ഇവയാണ് ജോബ്, സഭാപ്രസംഗകൻ എന്നീ ഗ്രന്ഥങ്ങളിലുള്ളത്. സങ്കീർത്തനങ്ങൾ ആരാധനാതലത്തിൽ രൂപംകൊണ്ട ഗീതങ്ങളാണ്. സർവാധിപനായ ദൈവത്തിന്റെ മുമ്പിൽ സ്തുതിയും കൃതജ്ഞതയും അർപ്പിക്കുകയും പാപങ്ങൾക്കു മോചനവും വിപദ്ഘട്ടങ്ങളിൽ സഹായവും യാചിക്കുകയും ചെയ്യുന്ന മനുഷ്യന്റെ മതാത്മകവികാരങ്ങളാണ് സങ്കീർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. പരിശുദ്ധമായ പ്രണയബന്ധത്തിന്റെ ഭാഷയിൽ ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിന് ഉണർവു നൽകാനുള്ള ശ്രമമാണ് ഉത്തമഗീതം. സുഭാഷിതങ്ങൾ, ജ്ഞാനം, പ്രഭാഷകൻ എന്നിവ മനുഷ്യജീവിതത്തിന്റെ വിവിധാംശങ്ങളിൽ ധാർമികചിന്തയോടും പക്വതയോടുംകൂടെ വ്യാപരിക്കാനാവശ്യമായ ഉൾക്കാഴ്ച നൽകുന്ന ചിന്താശകലങ്ങളുടെ സമാഹാരങ്ങളാണ്. പരസ്പരബന്ധമില്ലെന്നു തോന്നിയേക്കാമെങ്കിലും ഈ ചിന്താശകലങ്ങൾക്കു പിന്നിൽ വ്യക്തമായ ഒരു ജീവിതദർശനവും ആഴമേറിയ അനുഭവസമ്പത്തും ദൃശ്യമാണ്.

സങ്കീർത്തനങ്ങളിലും ജ്ഞാനം, പ്രഭാഷകൻ എന്നിവയുടെ ചില ഭാഗങ്ങളിലുമൊഴികെ,   പ്രബോധനഗ്രന്ഥങ്ങളിൽ ഇസ്രായേൽചരിത്രത്തിന്റെയോ  സാമൂഹികജീവിതത്തിന്റെയോ സ്പന്ദനങ്ങൾ അധികം അനുഭവപ്പെടുന്നില്ല. സമൂഹത്തേക്കാൾ വ്യക്തികൾക്കാണ് ഇവയിൽ ഊന്നൽകൊടുക്കുന്നത്. സമഗ്രമായ വ്യക്തിത്വത്തിന്റെ വികാസത്തിനും പൂർണതയ്ക്കും ഉതകുന്ന മാർഗനിർദേശങ്ങളാണ് ഈ ഗ്രന്ഥങ്ങളിൽ മുഖ്യമായി പ്രതിപാദിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് "പ്രബോധനപരം' എന്ന വിശേഷണം ഇവയ്ക്കെല്ലാം ചേരുന്നത്. ഈ പ്രബോധനപാരമ്പര്യം ഇസ്രായേലിൽ മാത്രമല്ല നിലവിലിരുന്നത്. ഈജിപ്തിലും മെസപ്പൊട്ടാമിയായിലും മറ്റു പല സംസ്കാരങ്ങളിലും ഇത്തരം സമാഹാരങ്ങൾ ഉണ്ടായിരുന്നതായി വ്യക്തമായ തെളിവുകൾ ഇന്നു ലഭ്യമാണ്. ഇവയുടെ സ്വാധീനം കുറെയെങ്കിലും ഇസ്രായേലിന്റെ പ്രബോധനപാരമ്പര്യങ്ങളിൽ നിഴലിക്കുന്നുണ്ട്.

ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സൃഷ്ടവസ്തുക്കളിൽ ഒളിഞ്ഞുകിടക്കുന്ന ദൈവികജ്ഞാനത്തെയും ദൈവിക പദ്ധതിയെയും അറിഞ്ഞ് അവയ്ക്കനുസരിച്ച് സ്വജീവിതം കരുപ്പിടിപ്പിക്കുന്നവനാണ് ജ്ഞാനി. ഇതൊന്നും ഗണ്യമാക്കാതെ അധമതാത്പര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നവൻ ഭോഷനാണ്. ജ്ഞാനിയുടെ മാർഗം രക്ഷയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുമ്പോൾ ഭോഷൻ ശിക്ഷയും ദുരിതവും വരുത്തിവയ്ക്കും. ജ്ഞാനിയെ നീതിമാനെന്നും ദൈവഭക്തനെന്നും വിളിക്കാം. ഭോഷൻ ദുഷ്ടന്റെയും അധർമിയുടെയും പര്യായമാണ്. ദൈവവിശ്വാസവും ധാർമികബോധവുമാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനഘടകം സ്വന്തം വ്യാപാരങ്ങളെയും ഇതര വ്യക്തികളുമായുള്ള ബന്ധങ്ങളെയും നിയന്ത്രിക്കുന്ന മൂല്യബോധം ഇവയിൽനിന്നാണ് മുളയെടുക്കുന്നത്.
 
     
 
ജീവദായകമായ വചനം
 
     
 

യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുകനിമിത്തം അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകുന്നതിനുംവേണ്ടിയാണ് താൻ സുവിശേഷം രചിച്ചതെന്ന യോഹന്നാന്റെ വാക്കുകൾ (20, 31) ബൈബിളിനെക്കുറിച്ചു പൊതുവേയും ഉപയോഗിക്കാവുന്നതാണ്. ദൈവവചനം ജീവിദായകമാണ്. അതു മനുഷ്യന്റെ പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമാണ് (സങ്കീ.119,105). ദൈവം കാണിച്ചുതരുന്ന പാതയിൽ ചരിക്കുന്നവൻ, അവിടുത്തെ ഹിതമനുസരിച്ചു വ്യാപരിക്കുന്നവൻ, ജീവന്റെ മാർഗത്തിലാണ്. "ഇതാ ഇന്നു ഞാൻ നിന്റെ മുന്നിൽ ജീവനും നൻമയും മരണവും തിൻമയും വച്ചിരിക്കുന്നു."(നിയ 30,15). തിരഞ്ഞെടുപ്പു നടത്താതെ ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവും ആണ്. ഇരുതലവാളിനെക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും  വിവേചിക്കുന്നതുമാണ് ( ഹെബ്രാ 4,12).

വിശുദ്ധലിഖിതങ്ങൾ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു ( 2 തിമോ 3, 16-17). മഹത്തായ ഈ പൂർണതയിലേക്കും നൻമയിലേക്കുമുള്ള ആഹ്വാനമാണ് ബൈബിളിൽ മന്ദ്രമായി ധ്വനിക്കുന്നത്. അത് ജീവന്റെ, സമൃദ്ധമായ ജീവന്റെ, വാഗ്ദാനമാണ്. മനുഷ്യരാശിയുടെ മുമ്പിൽ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അതു വിടർത്തുന്നു.

 
     
 
മുകളിലേക്ക്
Home Advanced search Print