1 സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല.2 കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.3 സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപെടുകയില്ല.4 എന്നാല്‍, സഹോദരരേ, ആദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധ കാരത്തിലല്ല കഴിയുന്നത്.5 നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്‍റെ യോ മക്കളല്ല.6 അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.7 ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്. മദ്യപിച്ച് ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ് ഉന്‍മത്തരാകുന്നത്.8 പകലിന്‍റെ മക്കളായ നമുക്കു വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.9 എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.10 ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.11 അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെതമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടിയത്നിക്കുകയും ചെയ്യുവിന്‍.
സമൂഹജീവിതം
12 സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ13 അവരുടെ അധ്വാനം പരിഗണിച്ച് അത്യധികം സ്നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.14 നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.15 ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍.16 എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.17 ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.18 എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.19 ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്.20 പ്രവചനങ്ങളെ നിന്ദിക്കരുത്.21 എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.22 എല്ലാത്തരം തിന്‍മയിലുംനിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍.
സമാപനാശംസ
23 സമാധാനത്തിന്‍റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.25 സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.26 വിശുദ്ധ ചുംബനംകൊണ്ട് എല്ലാ സഹോദരരെയും അഭിവാദനം ചെയ്യുവിന്‍.27 ഈ കത്ത് എല്ലാ സഹോദരരെയും വായിച്ചുകേള്‍പ്പിക്കാന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു.28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ.
Copyright 2008. P.O.C.Designed and Maintained by Jesus Youth